Kerala
ചങ്ങനാശേരി: എന്എസ്എസ് പ്രതിനിധിസഭയില് ആകെയുള്ള 300 അംഗങ്ങളില് ഈ വര്ഷം 49 താലൂക്ക് യൂണിയനുകളിലായി ഉണ്ടായ 118 ഒഴിവുകളില് 110 പേരെ എതിരില്ലാതെ തെരഞ്ഞെടുത്തു.
തെരഞ്ഞെടുക്കപ്പെട്ടവരില് എന്എസ്എസ് പ്രസിഡന്റ് ഡോ.എം. ശശികുമാര് (കാര്ത്തികപ്പളളി), ജനറല് സെക്രട്ടറി ജി. സുകുമാരന് നായര് (ചങ്ങനാശേരി), സെക്രട്ടറി ഹരികുമാര് കോയിക്കല് (ചങ്ങനാശേരി), വൈസ് പ്രസിഡന്റ് എം. സംഗീത്കുമാര് (തിരുവനന്തപുരം), ഡയറക്ടര് ബോര്ഡ് മെമ്പര്മാരായ വി.എ. ബാബുരാജ് (നെടുമങ്ങാട്), ജി. മധുസൂദനന്പിളള (ചിറയിന്കീഴ്), കെ.ബി. ഗണേഷ്കുമാര് (പത്തനാപുരം), കെ.ആര്. ശിവന്കുട്ടി (പന്തളം), ആര്. മോഹന്കുമാര് (തിരുവല്ല), പി.എന്. സുകുമാരപ്പണിക്കര് (ചെങ്ങന്നൂര്), ഡോ. കെ.പി. നാരായണപിളള, (കുട്ടനാട്), പി. ഹൃഷികേശ് (തലപ്പിളളി), എം.പി. ഉദയഭാനു (തലശേരി) എന്നിവര് ഉള്പ്പെടുന്നു.
National
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായിരുന്ന അജിത് പവാറിന്റെ ഭാര്യയും രാജ്യസഭാ എംപിയുമായ സുനേത്ര പവാറിനെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്ത് എൻസിപി. ഇന്ന് ചേർന്ന നിയമസഭാ കക്ഷി യോഗത്തിലാണ് സുനേത്രയെ നേതാവായി തെരഞ്ഞെടുത്തത്.
സംസ്ഥാനത്തിന്റെ ഉപമുഖ്യമന്ത്രിയായി സുനേത്ര ഇന്ന് വൈകുന്നേരം അഞ്ചിന് സത്യപ്രതിജ്ഞ ചെയ്യും. എൻസിപിയുടെ മുതിർന്ന നേതാക്കളായ പ്രഫുൽ പട്ടേലും സുനിൽ തട്ക്കറെയും അടക്കമുള്ളവർ പങ്കെടുത്ത യോഗത്തിലാണ് സുനേത്രയെ ഉപമുഖ്യമന്ത്രിയാക്കുന്ന കാര്യം ഔദ്യാഗികമായി തീരുമാനിച്ചത്.
കഴിഞ്ഞ ബുധനാഴ്ച നടന്ന വിമാനാപകടത്തിലാണ് ഉപമുഖ്യമന്ത്രിയായിരുന്ന അജിത് പവാർ മരിച്ചത്. അജിതിന്റെ വിയോഗത്തെത്തുടർന്നു പാർട്ടിയിലും ഭരണസഖ്യത്തിലും ഉണ്ടായ ശൂന്യത പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സുനേത്രയെ ഉപമുഖ്യമന്ത്രിയാക്കാൻ എൻസിപി തീരുമാനിച്ചത്.
നിലവിൽ രാജ്യസഭാ എംപിയായ സുനേത്ര ആ സ്ഥാനം രാജിവയ്ക്കും. അജിത് പവാറിന്റെ മരണത്തെത്തുടർന്ന് ഒഴിവുവന്ന ബാരാമതി നിയമസഭാ മണ്ഡലത്തിൽനിന്നു സുനേത്ര ജനവിധി തേടുമെന്നാണ് സൂചന.
അവർ രാജ്യസഭാംഗത്വം ഒഴിയുന്ന സാഹചര്യത്തിൽ മകൻ പാർഥ് പവാറിനെ രാജ്യസഭയിലേക്കു പരിഗണിച്ചേക്കും. എൻവയോൺമെന്റൽ ഫോറം ഓഫ് ഇന്ത്യയിലൂടെ സാമൂഹിക-പരിസ്ഥിതി രംഗത്തു സജീവമായിരുന്ന സുനേത്ര 2024ൽ ആണ് സജീവ രാഷ്ട്രീയത്തിലേക്കു പ്രവേശിക്കുന്നത്.
എൻസിപി എടുക്കുന്ന ഏതു തീരുമാനത്തിനൊപ്പവും ബിജെപിയും സർക്കാരും ഉണ്ടാകുമെന്നു മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് വ്യക്തമാക്കിയിരുന്നു. അജിത് പവാറിന്റെ കുടുംബത്തോടും എൻസിപിയോടുമൊപ്പം തങ്ങൾ നിൽക്കുമെന്നും ഫഡ്നാവിസ് പറഞ്ഞിരുന്നു.
National
പാറ്റ്ന: 18-ാം ബിഹാർ നിയമസഭയുടെ സ്പീക്കറായി പ്രേം കുമാർ തെരഞ്ഞെടുക്കപ്പെട്ടു. ഗയാജി മണ്ഡലത്തിൽ നിന്നു വിജയിച്ച ബിജെപി എംഎൽഎയാണ് അദ്ദേഹം. എതിരില്ലാതെയാണ് പ്രേം കുമാർ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടത്.
പ്രേം കുമാറിനെ സ്പീക്കറാക്കണമെന്ന ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയുടെ പ്രമേയം സഭ ശബ്ദ വോട്ടോടെ പാസാക്കുകയായിരുന്നു. തുടർന്ന്, മുഖ്യമന്ത്രി നിതീഷ് കുമാറും പ്രതിപക്ഷ നേതാവ് തേജസ്വി യാദവും ചേർന്നു പ്രേം കുമാറിനെ സ്പീക്കർ ഡയസിലേക്ക് ആനയിച്ചു.
പ്രോടേം സ്പീക്കർ നരേന്ദ്ര നാരായൺ യാദവിന്റെ നേതൃത്വത്തിലായിരുന്നു സഭാ നടപടികൾ. തിങ്കളാഴ്ചയാണ് 18-ാം നിയമസഭയുടെ ആദ്യ സമ്മേളനം ആരംഭിച്ചത്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ തിങ്കളാഴ്ച എംഎൽഎമാരായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. പ്രോടേം സ്പീക്കറാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.
നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറുടെ തെരഞ്ഞെടുപ്പ് വ്യാഴാഴ്ച നടക്കുമെന്ന് സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം പ്രേം കുമാർ പ്രഖ്യാപിച്ചു.
Kerala
ന്യൂഡൽഹി: മുൻ എംപിയും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവുമായ ടി.എൻ. പ്രതാപനെ എഐസിസി സെക്രട്ടറിയായി തെരഞ്ഞെടുത്തു. എഐസിസിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
പുതുച്ചേരിയുടേയും ലക്ഷദ്വീപിന്റെയും ചുമതലയാണ് ഉള്ളത്. 2001 മുതൽ 2011വരെ പഴയ നാട്ടികയിൽ നിന്നും 2011 മുതൽ 2016 വരെ കൊടുങ്ങല്ലൂരിൽ നിന്നും നിയമസഭയിലേയ്ക്ക് വിജയിച്ചിട്ടുണ്ട് പ്രതാപൻ. 2019ൽ തൃശൂരിൽ നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു.
കെഎസ്യുവിലൂടെ പൊതുരംഗത്ത് വന്ന ടി.എൻ. പ്രതാപൻ യൂണിറ്റ് പ്രസിഡന്റ് മുതൽ സംസ്ഥാന വൈസ്പ്രസിഡന്റ് ഉൾപ്പെടെയുള്ള സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. കോൺഗ്രസ് ബൂത്ത്, വാർഡ്, മണ്ഡലം, ബ്ലോക്ക്, ജില്ലാ കമ്മിറ്റികളുടെ പ്രസിഡന്റ് സ്ഥാനങ്ങൾ വഹിച്ചു.
കെപിസിസി മെമ്പർ, സെക്രട്ടറി, വർക്കിങ് പ്രസിഡന്റ് തുടങ്ങിയ ചുമതലകൾ വഹിച്ച പ്രതാപൻ ഇപ്പോൾ എഐസിസി അംഗം കൂടിയാണ്. മത്സ്യത്തൊഴിലാളി കോൺഗ്രസ് പ്രഥമ ദേശീയ അധ്യക്ഷനായിരുന്നു.